2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

ഓർമയിലെ ഓണം

വീടിനു മുൻവശം ചെറിയൊരു അത്തപ്പൂക്കളം ഇടണമെന്ന് മനസ്സിൽ   കുറച്ചു ദിവസമായ് കയറിക്കുടിയൊരു ചെറിയ ആഗ്രഹമായിരുന്നു .
സ്‌കൂളിൽ പോകും വഴി മറ്റു വീടുകൾക്ക് മുന്നിലെ അത്തപൂക്കളങ്ങൾ കണ്ട് മനസ്സിൽ കയറിയതാവണം . അത് നിറവേറ്റാനായി ആദ്യം വേണ്ടത് കുറച്ചു പൂക്കളാണല്ലോ .അന്ന് ചെറിയ മഞ്ഞുണ്ട് . മഞ്ഞിന് കൂടെ കൂട്ടിനായി ചെറിയ ചാറ്റൽ മഴയും.  ചിങ്ങമാസത്തെ തിരുവോണ സൂര്യനുദിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു . ഞാൻ മഞ്ഞും മഴയും കൊണ്ടോടി കണ്ണിൽ കണ്ട കുറെയേറെ  പൂക്കൾ പറിച്ചു വീട്ടിലെത്തി .

ഈ പൂക്കൾ കൊണ്ടെങ്ങനെയാ പൂക്കളം ഇടുക ?. ''എനിക്കന്നു പൂക്കളം ഇടുവാൻ അറിയുന്നുണ്ടായിരുന്നില്ല'' . ഞാൻ പെങ്ങളെ വിളിക്കുവാനായ് കൈയിലിരുന്ന പൂക്കൾ അടങ്ങിയ കവർ തിണ്ണപുറത്ത് വെച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക്  കയറി. പെങ്ങൾ റൂമിലില്ല . അടുക്കളയിലെത്തിയപ്പോൾ പെങ്ങളുൾപ്പടെ എല്ലാവരും ഉച്ചത്തേക്കുള്ള സദ്യയൊരുക്കുന്ന തിരക്കിലാണ്‌ . അതിനിടയിൽ അടുക്കളയിൽ  എന്നെ കണ്ടപാടെ അമ്മ പറഞ്ഞു '' പോയ് പല്ലുതേച്ചു കൈയും കാലും മുഖവും കഴുകി വാ... ഇഡലി തരാമെന്ന് .'' അന്നെനിക്ക് വയസ്സ് പതിനൊനാവുന്നതേ ഉള്ളു .

എനിക്കപ്പോൾ  വിശക്കുന്നുണ്ടായിരുന്നില്ല .മനസ്സ് നിറയെ പൂക്കളമാണല്ലോ.  ഞാൻ തിണ്ണ പുറത്തിരുന്ന പൂക്കളിരുന്ന കവറെടുത്തു മുറ്റത്തേക്കിറങ്ങി. കൈകൊണ്ടു മണ്ണൊക്കെയൊന്ന് ലെവലാക്കി  ഒരുവിധമൊരു വൃത്തം ഉണ്ടാക്കി പൂക്കളെല്ലാം കൂടി തട്ടി അതിലേക്കിട്ടു. അതായിരുന്നു എന്റെ ആദ്യത്തെ അത്തപ്പൂക്കളം . അത്തപ്പൂക്കളമെന്ന് പറയാൻ പറ്റില്ല .പല നിറത്തിലുള്ളൊരു വട്ടം .

കുറേനേരം അങ്ങനെ പൂക്കളവും  നോക്കി ഞാനങ്ങനെ  നിന്നു. കാലു കഴച്ചപ്പോൾ വന്നു തിണ്ണപ്പുറത്തിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കമലാക്ഷിയമ്മുമ്മയുടെ വക ഓക്കാനം കേൾക്കുന്നത് . എന്റെ വീടിനു ചേർന്നുള്ള വടക്ക് വശത്തെ അൻപതു സെന്റ് പുരയിടത്തിലാണ്  ഒരു ചെറിയ മുറിയും ഹാളും അടുക്കളയുമുള്ള  ഓടിട്ട അമ്മുമ്മയുടെ വീട്. വീട്ടിൽ അമ്മുമ്മ ഒറ്റക്കാണ് . ഭർത്താവ് നേരുത്തേ മരിച്ചു . ഒരു മോളുണ്ട് . മോളെ കെട്ടിച്ചയച്ചത് സ്വൽപം ദൂരത്താണ് .മോളെ കാണണമെന്ന് അമ്മുമ്മക്കോ , അമ്മുമ്മയെ കാണണമെന്നു മോളോ വിചാരിച്ചാൽ  രണ്ടു വണ്ടിയും ഒരു വള്ളവും കയറേണ്ടിവരും. മോൾക്ക് മൂന്ന് മക്കളുണ്ട് . അതിൽ മൂത്ത മകന് പ്രായം അന്ന്  ഇരുപത്തിനാല്.

ഓക്കാനം എന്ന് പറഞ്ഞല്ലോ .അത് കമലാക്ഷി അമ്മുമ്മ പല്ലു തേക്കുന്നതിന്റെയാണ്  . താഴേയും മുകളിലുമായി നാലഞ്ചു പല്ലേയുള്ളു എന്നാലും അതിൽ  മുപ്പത്തിനാല് പല്ലു തേക്കാനുള്ള ഉമിക്കരിയിട്ടാണ് പിടി. ഞാനതങ്ങനെ നോക്കിനിന്നു . മുൻപും ഒരുപാട് വട്ടം ഞാനതു നോക്കി നിന്നിട്ടുണ്ട് . പല്ലുതേപ്പും മുഞ്ഞികഴുവക്കവും കഴിഞ്ഞു അമ്മുമ്മ കിണറ്റിനു കിഴക്കു വന്ന് സൂര്യനെ കൈകൂപ്പി എന്തൊക്കയോ പിറുപിറുപ്പ് തുടങ്ങി .ഞാൻ തിണ്ണപുറത്ത് നിന്നെണീറ്റ്‌ അമ്മുമ്മക്ക് അടുത്തെത്തി സൂക്ഷിച്ച് നോക്കി . കണ്ണുകൾ രണ്ടും അടച്ചു കൈകൂപ്പി പ്രാർത്ഥിക്കുകയാണ് അമ്മുമ്മ .

പ്രാർഥന കഴിഞ്ഞു കണ്ണ് തുറന്നു ആദ്യം കണ്ടത് എന്നെ തന്നെയാണ് . ഞാൻ തന്നെയായിരിക്കണം അമ്മുമ്മയുടെ തിരുവോണ ദിന കണിയെന്നു തോന്നുന്നു. അത് കൊണ്ടാവും തെറി വിളിക്കാൻ മാത്രമായ് തുറന്നിരുന്ന അമ്മുമ്മയുടെ വായ് എന്നെ നോക്കി അന്ന് ചിരിച്ചത് .തെറി വിളിക്കാൻ തുറക്കുന്ന  വാ എന്ന് പറഞ്ഞല്ലോ . അതിനൊരുപാട് കാരണങ്ങളുണ്ട് . അതിലൊരു കാരണം ഇപ്പോൾ പറയാം . അമ്മുമ്മയെ പേരെടുത്തു കമലാക്ഷി അമ്മുമ്മേ എന്നാണ് ഞാൻ വിളിക്കാറ് . അങ്ങനെ വിളിക്കുമ്പോൾ അമ്മുമ്മ  ചോദിക്കും നിന്റെ തന്തയെയും നീ പേര് പറഞ്ഞാണോടാ വിളിക്കുന്നേന്ന്. അത്രേയുള്ളു . ഇതു അമ്മുമ്മയുടെ വായിൽ നിന്ന് കേൾക്കാൻ എനിക്കും അങ്ങനെ വിളിക്കാൻ അമ്മുമ്മയ്ക്കും  വലിയ ഇഷ്ട്ടമാണ് . അതുകൊണ്ടുതന്നെ ഒരുപാട് നാൾ അമ്മുമ്മയുടെ വായിൽ നിന്ന് തന്തക്ക് വിളി കേട്ടിരുന്നു .

എന്നാൽ അന്ന് ഞാൻ  അമ്മുമ്മയെ പേരെടുത്തു വിളിച്ചിട്ടും എന്നെ തന്തക്ക് വിളിച്ചില്ല. മാത്രമല്ല വളരെ സ്നേഹമായ് വീട്ടിനുള്ളിൽ നിന്ന് കഴിക്കാൻ ഒരുപാട് മധുര പലഹാരങ്ങളെടുത്ത് തരുകയും ചെയ്‌തു  .കൂടാതെ അമ്മുമ്മ എന്നെ മുറ്റത്ത് പുക്കളമിടാൻ കൂട്ടുകയും ചെയ്‌തു . അതിനു മുന്നേ ഞാൻ വീട്ടിൽ ഇട്ട പുക്കളത്തിന്റെ കഥ പറഞ്ഞിരുന്നു .

അമ്മുമ്മ കുറച്ച് ചാണകം എടുത്ത് വെള്ളത്തിൽ കുഴച്ച് മുറ്റത്തൊരു ചെറിയ വൃത്തമുണ്ടാക്കി. ആ വൃത്തത്തിന്റെനടുക്കായി ഒരു ഉരുള ചാണകവും വെച്ചു . അപ്പോഴേക്കും ഞാൻ എന്റെ വീട്ടിനു മുൻപിൽ വട്ടത്തിൽ കൂട്ടി ഇട്ടിരുന്ന പൂക്കളെല്ലാം കൂടി  കവറിലാക്കി കൊണ്ട് അമ്മുമ്മക്ക് അരികിൽ വെച്ചു .അമ്മുമ്മ ആ കവറിൽ നിന്നും  ജമന്തി പൂക്കളിൽ നിന്നൊരെണ്ണമെടുത്തു ഉരുള ഉരുട്ടി നടുക്കുവെച്ച ചാണകത്തിനു മേൽ കുത്തി നിർത്തി. ശേഷം  അതിനു ചുറ്റും തുമ്പപ്പൂവ് വിതറി. പിന്നെ ജമന്തി . ശംഖു പുഷ്‌പം , റോസാപ്പൂവ് , ചെമ്പരത്തി, ഇതെല്ലാം നിരത്തി ഒരു ചെറിയ പത്ത് അടുക്കുള്ള പൂക്കളം അമ്മുമ്മ ഇട്ടു . ഞാനതെല്ലാം നോക്കി അടുത്ത് തന്നെ നിന്നു .

പുക്കളമിട്ടു അമ്മുമ്മ കൈ കഴുകി വിളക്ക് കത്തിക്കാനായ്  വീട്ടിനകത്ത് കയറുമ്പോൾ അടുക്കളയിൽ ഉച്ചക്കഴ്ത്തേക്കുള്ള ചോറ് തിളക്കുന്നുണ്ടായിരുന്നു .  എനിക്കതു കണ്ടപ്പോൾ സങ്കടം തോന്നി . ''സാധാരണ ഒരു നേരമെങ്കിലും  അമ്മുമ്മ എന്റെ വീട്ടിൽ നിന്നാണ് കഴിക്കാറ്''. ചുമ്മാതല്ല കേട്ടോ , പറമ്പിലുള്ള തേങ്ങയും , മാങ്ങയും, ചക്കയും  ക്കെ  കൊണ്ട് വരും . അത് അമ്മ വാങ്ങിയില്ലേ വല്യ പുകിലാവും .'' അതുകൊണ്ടു തന്നെ 'അമ്മ അതൊക്കെ വേണ്ടെങ്കിലും വാങ്ങും .

ഞാൻ ചോദിച്ചു.

''എന്തിനാ അമ്മുമ്മ ഇന്ന് ഇവിടെ ചോറ് വെച്ചേ ? എന്റെ വീട്ടിൽ നിന്ന് കഴിച്ചൂടായിരുന്നോ ?. ''

ആ ചോദ്യത്തിന് അന്ന് അമ്മുമ്മ പറഞ്ഞത് ഇങ്ങനെയാണ് .

ഇന്ന് ഇവിടെ കഴിക്കാൻ ആളുണ്ടാവും മോനെ . മക്കളൊക്കെ ഇന്ന് വരും .

മറുപടി കേട്ട് ഞാനിറങ്ങി എന്റെ വീട്ടിലെത്തി അമ്മയോട് അമ്മുമ്മ ചോറ് വെച്ചെന്ന വിവരം സങ്കടത്തോടെ പറഞ്ഞു .

തിരുവോണത്തിന് അടുപ്പ് പുകയണമെന്ന് അമ്മയോട് അമ്മുമ്മ നേരുത്തേ പറഞ്ഞിരുന്ന കാര്യമപ്പോൾ   അമ്മ  എന്നോട് പറഞ്ഞു .

ഞാൻ വീണ്ടും മുറ്റത്തേക്കിറങ്ങി . കമലാക്ഷിയമ്മുമ്മ അമ്മുമ്മയുടെ വീടിനു പടിഞ്ഞാറ് കുറച്ച് തെക്ക് മാറിയൊരു കൊച്ചു തെങ്ങ് നിൽപ്പുണ്ട് . അതിനരികിലായ് നിൽക്കുകയാണ് . ഞാനോടി അവിടെയെത്തി .

 ഇവിടെ എന്താ അമ്മുമ്മേ ? അപ്പോഴെനിക്ക് കമലാക്ഷിയെന്ന് പേരിനൊപ്പം ചേർത്ത്  വിളിക്കാൻ തോന്നിയില്ല.

''എന്റെ ഭർത്താവിനെ ദഹിപ്പിച്ചത്  ഇവിടെയാ മോനെ . എന്നിട്ടു വെച്ച തേങ്ങാ ഇതു . അന്ന് മോൻ ജനിച്ചിട്ടില്ല''

ഞാൻ അത്ഭുതത്തോടെ തെങ്ങിന് മുകളിലോട്ടു നോക്കി . തേങ്ങാ പിടിച്ചിട്ടില്ല . അതുകൊണ്ടു തന്നെ ചോദിച്ചു .

അമ്മുമ്മേ ഇതിലെന്താ തേങ്ങാ പിടിക്കാത്തെ .

''പിടിക്കും മോനേ പിടിക്കും ഒരു ദിവസം പിടിക്കും'' . ഇതു പറഞ്ഞു അമ്മുമ്മ തിരിച്ചു വീട്ടിലേക്ക് പോയ് .


ആ അൻപതു സെന്ററിൽ മൂന്നു മാവ് , രണ്ട് അത്തി  , ഒന്ന് വീതം  കശുമാവ് , തെരളി , പുളിമരം ,പിന്നെ കുറെയേറെ വാഴകൾ ,പത്തിരുപതു തെങ്ങ് .പ്ലാവ്. അങ്ങനെ എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നതും നോക്കി ഞാനങ്ങനെ നിൽക്കുമ്പോഴാണ് അമ്മയുടെ നീട്ടിയുള്ള വിളി വരുന്നത് .

പല്ലു തേക്കാൻ പറഞ്ഞു വിട്ടിട്ട് നീ ഇതു എവിടെയാടാ ?

അമ്മയോട് ദാ വരുന്നെന്നും പറഞ്ഞു  ഞാനോടി കിണറ്റിൻക്കരയിലെത്തി പല്ലും തേച്ച്, കൈയും കാലും മുഖവും കഴുകിയെന്നു വരുത്തി അമ്മക്കരികിലെത്തി. അടുക്കളയിലപ്പോൾ പായസത്തിനായ് അണ്ടിപ്പരിപ്പും ഉണങ്ങിയ മുന്തിരിങ്ങയും നെയ്യിൽ മൂപ്പിക്കുന്ന മണം നിറഞ്ഞിരുന്നു . അതിടയിൽ കൂടി അമ്മ ഒരു പാത്രത്തിൽ ഇഡലിയിൽ സാമ്പാർ ഒഴിച്ച് കൊണ്ട് കൈയിൽ തന്നിട്ട് പറഞ്ഞു . കഴിച്ചിട്ട് കുറച്ചു കഴിഞ്ഞു കുളിക്കണം . എന്നിട്ടാ കട്ടിലിന്റെ പുറത്തിരിക്കുന്ന പുതിയ ഉടുപ്പും നിക്കറും എടുത്തിടാൻ പറഞ്ഞിട്ട് അമ്മ വീണ്ടും അടുക്കളയിലെ പുകക്കുള്ളിലെവിടയോ മറഞ്ഞു .

ഞാൻ ഇഡലി കഴിച്ചു കഴിഞ്ഞു. കുറെ നേരം കളിച്ചു . പിന്നെ കുളിച്ചു വന്നു കട്ടിലിന്റെ പുറത്തിരുന്ന ഉടുപ്പും നിക്കറും എടുത്തിട്ടു കൊണ്ട് അടുക്കളയിലെത്തി . അപ്പഴും അമ്മയുടെ ഓട്ടം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല . അപ്പോഴേക്കും അച്ഛൻ കുറച്ചു വാഴയില  വെട്ടികൊണ്ടു വന്നു കഴുകി തുടച്ചു മേശമേൽ ഓരോന്നായി നിരത്തി . ഞങ്ങളെല്ലാരും  കൂടി ചോറും പപ്പടവും , പരിപ്പും , അവിയലും , തോരനും, പച്ചടിയും  , കിച്ചടിയും ,അച്ചാറും  വിളമ്പി ഒരുമിച്ചിരുന്നു  തിരുവോണസദ്യ കഴിച്ചു.

സദ്യ കഴിച്ചു പായസവും കുടിച്ചു കളിക്കാനായി വീണ്ടും ഞാൻ വീട്ടിനു അടുത്തുള്ള പറമ്പത്തേക്കിറങ്ങി. അവിടെ കളിയ്ക്കാൻ കുറെയേറെ കൂട്ടുകാരും ഉണ്ടായിരുന്നു  കുറെ നേരം  അങ്ങനെ ഓടിയും ചാടിയും ഒരു പരുവമായി തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അമ്മുമ്മ വീട്ടു പടിക്കൽ ആരെയോ നോക്കി നിൽക്കുന്നു . ഞാൻ നടന്നു അമ്മുക്കരികിലെത്തി.

അമ്മുമ്മ കഴിച്ചോ ?

''കഴിച്ചു മോനെ . മോൻ കഴിച്ചോ ?''

ഞാൻ നേരുത്തേ കഴിച്ചമ്മുമ്മ. അമ്മുമ്മയുടെ മക്കളാരും വന്നില്ലേ ? .

''ഇല്ല മോനേ . ഇനി വരില്ലായിരിക്കും . സമയം ഇത്ര ആയില്ലേ'' .  ഇതും  പറഞ്ഞു കണ്ണും തുടച്ചു അമ്മുമ്മ അകത്തേക്ക് പോയ് . ഞാൻ നോക്കുമ്പോൾ അകത്തു വിളക്കിനു മുന്നിൽ ഒരിലയിൽ ചോറും കറികളും വിളമ്പി വെച്ചിരിക്കുന്നു . അത് മരിച്ചു പോയ അപ്പൂപ്പനുള്ളതായിരിക്കണം . ഞാൻ വീട്ടിലേക്ക് നടന്നു . അവിടെ അമ്മ ഞാൻ പുതിയ ഉടുപ്പും നിക്കറും ഇട്ടു കളിയ്ക്കാൻ പോയതിനു തിരുവോണം ആയ ഒറ്റക്കാരണത്താൽ തല്ലാൻ കഴിയാത്ത സങ്കടം മുഴുവൻ മുഖത്ത് കെട്ടിനിർത്തി നിൽക്കുന്നുണ്ടായിരുന്നു എന്നെ വരവേൽക്കാൻ .

തിരുവോണം കഴിഞ്ഞു. കൂടെ അവിട്ടവും ,ചതയവും . അമ്മുമ്മയുടെ മകൾ വന്നില്ല . ഈ മൂന്നു ദിവസവും അമ്മുമ്മ മോളേയും കാത്ത് പടിക്കൽ ഒരുപാട് നേരം നിൽക്കുന്നതു ഞാൻ കണ്ടു . ദിവസങ്ങൾ കഴിഞ്ഞു . ഓണ അവധി കഴിഞ്ഞു സ്‌കൂൾ തുറന്നു. അങ്ങനെ ഒരു ദിവസം സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരുമ്പോൾ  അമ്മുമ്മയുടെ മോളതാ എതിരേ വരുന്നു കരഞ്ഞുകൊണ്ട് . എന്നെക്കണ്ടതും കണ്ണൊക്കെ തുടച്ച് വിശേഷങ്ങളൊക്കെ തിരക്കി പെട്ടെന്ന് പോണം മോനെ എന്നാലേ വണ്ടി കിട്ടുള്ളുന്നു പറഞ്ഞു പോയ് മറഞ്ഞു. വീട്ടിലെത്തിയപ്പോളാണ് അറിയുന്നത് അമ്മുമ്മയുമായ് വഴക്കായി ഇറങ്ങി പോയതാണെന്ന് . ഓണത്തിന് വരാഞ്ഞത് കൊണ്ട് അമ്മുമ്മ കുറേ പറഞ്ഞത്രേ .

പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു .സ്‌കൂളിൽ പോകണ്ടാത്തതുകൊണ്ടു  ഒരുപാട് വൈകിയാണ് എണീറ്റെ . എണീറ്റ് മുറ്റത്തേക്കിറങ്ങിയപ്പോൾ അമ്മുമ്മയുടെ വീട്ടിലൊരു ഒച്ചയും അനക്കവും . ഞാൻ നോക്കുമ്പോൾ അമ്മുമ്മയുടെ മോളും , മോളുടെ മക്കളും വന്നിട്ടുണ്ട് . ഞാൻ അങ്ങോട്ട് ചെന്ന് . അമ്മുമ്മ ശാന്തയായിരിക്കുന്നു . മുഖത്ത് സന്തോഷം നിഴലിച്ചു നിൽക്കുന്നു . എന്നെ വിളിച്ചു മക്കൾ കൊണ്ട് വന്ന പലഹാരങ്ങളിൽ കുറേ കവറിലാക്കി തന്നു . ഇതൊരു കഥ

ഈ കഥ അല്ലെങ്കിൽ ജീവിതം കഴിഞ്ഞിട്ടിപ്പോൾ  ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു . ഇപ്പഴും തിരുവോണം എന്ന് കേൾക്കുമ്പോൾ അമ്മുമ്മയെയാണ് ഓർമ വരുന്നത് .

കഴിഞ്ഞ ഓണത്തിനു ഞാൻ നാട്ടിലുണ്ടായിരുന്നു  .അന്ന് തിരുവോണസദ്യയുണ്ട് കൈ കഴുകാനായി പുറത്തിറങ്ങുമ്പോഴാണ് വീണ്ടും ആ  പഴയ തെങ്ങു മനസ്സിൽ കയറിയത്  . കൈ കഴുകി ഞാൻ തെങ്ങിനടുത്തെത്തി. മുകളിലേക്ക് നോക്കി .  കുലയിൽ നറച്ച്  തേങ്ങകൾ . ആ തെങ്ങിന് തൊട്ടടുത്ത് തന്നെ വളരാൻ ആഗ്രഹം ഇല്ലാത്തതു പോലെ മറ്റൊരു  തൈതെങ്ങും  നിൽക്കുന്നു  . അതെന്റെ കമലാക്ഷി അമ്മുമ്മയുടേതാണു. അമ്മുമ്മ മരിച്ചിട്ടു ഇപ്പോൾ പതിനൊന്നു കൊല്ലമാകുന്നു . അവിടെ വെച്ചേക്കുന്ന തൈതെങ്ങു പുതിയതാണ് അവിടെ വെയ്ക്കുന്നതൊന്നും കിളിക്കുന്നില്ല . എന്തോ ആ മണ്ണിൽ കുളിക്കാൻ പാടുപോലെ .ഇപ്പോൾ വെച്ചിരിക്കുന്നതും കിളിക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല . ചിലപ്പോൾ വർഷങ്ങളായുള്ള ഏകാന്ത ജീവിതം ആ മണ്ണിനെ അമ്മുമ്മ വെറുത്തുകാണും . എത്ര  നേരം അവിടെങ്ങനെ നിന്നെന്നോർമ്മയില്ലാ . വാതിൽക്കൽ നിന്ന് അമ്മ വിളിക്കുമ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നതു . കണ്ണ് തുടച്ചു അമ്മയുടെ അടുക്കലെത്തുമ്പോൾ അമ്മ ഒന്നേ ചോദിച്ചുള്ളൂ .

''അമ്മുമ്മയുടെ തെറി വിളി കേൾക്കാതെ നിനക്ക് പറ്റുന്നില്ലല്ലേ?''

ഞാൻ കണ്ണ് തുടച്ചു അമ്മയെയൊന്നു നോക്കി . അമ്മയുടെ മുഖവും അമ്മുമ്മയുടെ മുഖം പോലെ  വാർദ്ധ്യക്യത്തിന്റെ ചുളുവുകൾ വീണു തുടങ്ങിയിരിക്കുന്നു .


ശുഭം .

2017, ഫെബ്രുവരി 5, ഞായറാഴ്‌ച

വട. ഒരു കഥ

                                   

                                            വട വായനയിലേക്ക് സ്വാഗതം 


ചായ കുടിക്കുമ്പോൾ അവന്റെ കണ്ണുകൾ കണ്ണാടിപ്പെട്ടിക്കുള്ളിലെ തണുത്ത വടയുടെ കുഴികളിലേക്കിറങ്ങി കൊണ്ടിരിക്കുന്ന ചോനനുറുമ്പിൽ തന്നെയായിരുന്നതിനാൽ പുറത്തെ സംഭാഷണങ്ങളൊന്നും അവൻ ശ്രദ്ധിച്ചില്ലാ . കണ്ണാടിപ്പെട്ടിക്കുള്ളിൽ കൈയിട്ട് വടയെ കൈക്കലാക്കി കുഴിയിൽ കടന്ന ചോനനുറുമ്പിനെ രണ്ടു വിരലുകൾക്കിടയിൽ വെച്ച് ഞെരടിക്കിട്ടിയ സുഖത്തിൽക്കൂടി വടയെ അവൻ ഭോഗിക്കുമ്പോഴും മനസിലാക്കിയില്ലാ വടയുടെ ചരിത്രം .

ഇനി ഇവനിതെപ്പോൾ മനസ്സിലാക്കാനെന്നു ഭോഗം കഴിഞ്ഞ ക്ഷീണത്തിൽ വിശ്രമിക്കുവാനായ് അവൻ കിടന്ന മരത്തിന്റെ മൂട്ടിനു മുകളിലിരുന്ന കാക്കാ നെടുവീർപ്പെട്ടപ്പോൾ മറുകാക്ക പറഞ്ഞു ഇങ്ങനെ ... അവന്റെ ഉള്ളിലായ വട ഇനി വയറ്റിൽക്കിടന്നു വട യക്ഷിയായി മാറാനിനി അധിക സമയം വേണ്ടി വരില്ലാ സുഹൃത്തേ പിന്നെയൊരു മാരത്തോണാവും കാണുക . ആ മാരത്തോൺ അവന്റെ വീട്ടിനു പുറകിലുള്ള വിറകു പിരക്കും പിറകെ ആ ആറു പത്തലിൽ മറച്ച മറയുടെ ഉള്ളിലാവും അവസാനിക്കുക. പിന്നെ ഈ കിടപ്പു സമരം ഒരു കുത്തി ഇരിപ്പ് സമരമായി മാറി സമരമുറ തന്നെ മാറും. പിന്നെ നാറും.