2015, ജൂലൈ 7, ചൊവ്വാഴ്ച

കളിസുഖം

പ്രവാസിക്ക് വെള്ളിയാഴ്ച്ചയെന്നാൽ സിനിമാ മേഖലയിലുള്ളവരേക്കാൾ ഇഷ്ട്ടമാണ് . ഓരോ വെള്ളിയാഴ്ച്ചകളിലും ഇറങ്ങുന്ന  സിനിമകളുടെ ജയപരാജയങ്ങളാണ് ഓരോ സിനിമ പ്രവർത്തകരുടെയും ആ മേഖലയിലെ  ആയുസ്സ് നിശ്ചയിക്കുന്നതെങ്കിൽ ഇവിടെ പ്രവാസിയുടെ വെള്ളിയാഴ്ച്ചയിലെ ജീവിതാനുഭവങ്ങളെന്നാൽ  ഒരായിസ്സു മുഴുവൻ സിനിമയെടുക്കുവാനുള്ള ആശയങ്ങളായിരിക്കും .

അങ്ങനെയുള്ളൊരു വെള്ളിയാഴ്ച്ച ,

സമയം രാവിലെ പത്ത്  കഴിഞ്ഞു , ആരും ഉണർന്നിട്ടില്ല, ഇന്നലത്തെ ആഘോഷം കഴിഞ്ഞപ്പോൾ തന്നെ രാത്രി ഒരു മണിയായ്‌ . സാധാരണ വെള്ളിയാഴ്ച്ചകളിൽ രാവിലെ ഏഴ് മണിക്ക് ഞാൻ എണീക്കുന്നതാണ് ഞാൻ ഉണരുന്നതല്ല ഒരു സുലൈമാനി എന്നെവന്നു ഉണർത്തുന്നതാണ്. ആ ഉണർത്തു സുലൈമാനി ഇന്ന് എന്നെവന്നു ഉണർത്തിയില്ല . എങ്ങനെ ഉണർത്തും ആ സുലൈമാനി മേക്കർ ഇന്നലത്തെ ആഘോഷത്തിന്റെ ഭാഗമായ് നാലുകാലിൽ കൂർക്കം വലിച്ചുറങ്ങുകയാണ് .

ഞാൻ കട്ടിലിൽ നിന്ന് തിരിഞ്ഞു മൊബൈൽ തിരഞ്ഞു എവിടുന്നോ തപ്പി തടഞ്ഞു ഒരുവിധം കിട്ടി. തള്ള വിരലുകൊണ്ട് ബട്ടണ്‍ അമർത്തിയപ്പോൾ സമയം തെളിഞ്ഞു 10 : 17, അതിനു മുകളിലായ് 37 ഡിഗ്രി സെൽഷ്യസ്സും . പുറത്തു പുലർച്ചെ തന്നെ ചൂട് ശക്ത്തമായിരിക്കുന്നു ഞാൻ നേരെ റൂമിലുള്ള AC യിലോട്ട് നോക്കി 19 ഡിഗ്രി . ഹാ... കാണുമ്പോൾ സന്തോഷം പക്ഷെ ആ തണുപ്പ് പുറത്തുവരുന്നില്ലെന്ന് മാത്രം .

സമയം പത്ത് കഴിഞ്ഞിട്ടും വെളിയിൽ സൂര്യൻ കത്തി ജ്വലിച്ച് 37 ഡിഗ്രി എത്തിയിട്ടും റൂമിലോട്ടുള്ള
മൂപ്പരുടെ വരവിനെ കറുത്ത കോട്ടിട്ട ജനാലകൾ അതിമനോഹരമായ് തടയുന്നുണ്ട്‌ . അതുകൊണ്ട് തന്നെ റുമു നല്ല ഇരുട്ടിലുമാണ് . ഞാൻ കണ്‍പോളകൾ രണ്ടു മൂന്നു തവണ അതി ശക്തമായ് അടയ്ക്കുകയും തുറക്കുകയും ചെയ്യ്‌ത് റുമു മുഴുവനായ്  കണ്ണോടിച്ചു .

നമ്മുടെ സുലൈമാനി മേക്കർ അധാ നാലുകാലിൽ, ഞാൻ ഒന്നുംകുടി സുക്ഷിച്ചു നോക്കി , ങാ ... നാലുകാലിൽ രണ്ടു കാൽ അവന്റെ അനിയന്റെതാണ് . അവന്റെ അനിയൻ ഇന്നലെ വന്നതാണ് ചേട്ടനെ കാണാൻ. രണ്ടും കെട്ടിപ്പിടിച്ചു നല്ല ഉറക്കത്തിലാണ് . ഇന്നലെ രണ്ടും തമ്മിൽ കണ്ടപ്പോൾ എന്തൊക്കയോ തമ്മിൽ പറഞ്ഞു കലഹിച്ചതാണ് , എന്നിട്ട് ഇന്നിപ്പോ ദാ ഒന്നും അറിയാത്ത പോലെ കെട്ടിപ്പിടിച്ചുള്ള ഉറക്കവും ഇതിനെയാണ് ചോര ശാസ്ത്രമെന്നും കൂടപ്പിറപ്പ് ശാസ്ത്രവുമെന്നൊക്കെ  പറയുന്നത് .

ഉറങ്ങുന്നവരെ ഉണർത്താതെ ഞാൻ സാവധാനം എണീറ്റു നിന്നപ്പോഴാണ് എന്റെ പുറകിലായ് കിടന്നിരുന്ന ദേവരാമനെ കണ്ടത് . നാട്ടിൽ പോയ്‌ കല്യാണം കഴിഞ്ഞു ഇന്നലെ വന്നതേയുള്ളൂ . കല്യാണം കഴിഞ്ഞു ഒൻപതു ദിവസമേ പാവത്തിന്  നാട്ടിൽ നില്ക്കാൻ കഴിഞ്ഞുള്ളൂ . ലീവ് ഇല്ലാത്തതിന്റെ സങ്കടവും പറഞ്ഞു പതിനഞ്ചു ദിവസം മുന്നേ ഇവിടുന്നു പോയതാണ് . പോയ്‌ ആറാം നാൾ കല്യാണം ഒൻപതു ദിവസം പെണ്ണിന്റെ കു‌ടെ പത്താം നാൾ പിന്നെയും ദാ ഇവിടെ ഞങ്ങളുടെ കു‌ടെ .

എന്തൊക്കെ ത്യജിച്ചാണ് ഓരോ മനുഷ്യനും പ്രവാസിയുടെ കുപ്പായം അണിയുന്നത് , അമ്മ, അച്ഛൻ, സഹോദരങ്ങൾ , ഭാര്യ ,മക്കൾ , നല്ല ഭക്ഷണം , ഓണം , ക്രിസ്മസ്സ് , പെരുന്നാൾ , ഈ വിഷമങ്ങളൊക്കെ  നമ്മുടെ ബന്തുക്കളോടൊ സുഹൃത്തുക്കളോടൊ പറഞ്ഞാലോ ഉടനെ മറുപടിയെത്തും  "അതിനെന്താ നീ ഗൾഫിലല്ലേ"  ഈ പറയുന്നവരെയെല്ലാം  ഇവിടെ കൊണ്ടുവരണം എന്നാലെ ഇവരൊക്കെ പഠിക്കു .

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു നാല് കാലിയെ മറികടന്നു ദേവരാമനടുത്തെത്തി ഞാനടുത്തെത്തിയത് അവനരിഞ്ഞിട്ടില്ല . ഇന്നലത്തെ ബഹളത്തിനിടയിൽ അവനോടൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല .  എന്തോ കാര്യമായ് ഫോണിൽ ചെയ്യുകയാണവൻ , പെണ്ണുമായ്‌ ചാറ്റ് ചെയ്യുവായിരിക്കും പാവം കണ്ടു കൊതി തീർന്നിട്ടുണ്ടാവില്ല ആർക്കായാലും ഉണ്ടാവും വിഷമം. പക്ഷെ ആ വിഷമം ഒന്നുംതന്നെ അവൻ മുഖത്ത് പ്രകടിപ്പിച്ചിട്ടുമില്ല . മൊബൈലിൽ നിന്നുള്ള വെട്ടം അത് വ്യക്തതമാക്കുന്നുണ്ട് . "അല്ലേലും പക്വത ഉള്ളവർ അങ്ങനെയാണ് മനസ്സിന്റെ വിഷമം മുഖം അറിയില്ലാ".

ഞാൻ കൈകൊണ്ട്  തട്ടുമ്പോഴാണ് അവനെന്നെ കാണുന്നത് . അപ്പോൾ തന്നെ മൊബൈൽ വഴിയുള്ള ബന്ധം അവനുപേക്ഷിച്ചിട്ടു  എന്നോട് തിരക്കി ,

എന്തൊക്കെയുണ്ട് മാനവാ ഇവിടുത്തെ വിശേഷം .

"ഇവിടെയെന്താ ദേവാ വിശേഷം . വിശേഷം നിനക്കല്ലേ , ഇന്നലെ നല്ല തിരക്കല്ലായിരുന്നോ അതാ ഞാൻ നാട്ടിലെ കാര്യങ്ങളൊന്നും തിരക്കാഞ്ഞെ "

നാട്ടിലെന്താ വിശേഷം മാനവ അങ്ങനെ പോണു അവൻ ശബ്ദം താഴ്ത്തി പറഞ്ഞു

"മനസ്സിലാവും ദേവാ എനിക്ക്  കല്യാണം കഴിഞ്ഞു പെണ്ണിനേയും വീട്ടിൽ നിർത്തി പത്തിന്റന്നു  നീ ഇവിടെ നിൽക്കുമ്പോഴുള്ള വിഷമം ഞാൻ പറഞ്ഞു  "

ഓ അങ്ങനെയൊന്നും ഇല്ല മാനവ ആറു മാസം കഴിയുമ്പോൾ ഞാൻ പോയ്‌ അവളേയും കൊണ്ടിങ്ങു വരത്തില്ലേ അത് വരെ ചെറിയൊരു വിഷമം അത്രയേയുള്ളൂന്നു അവനും  .

ഞാൻ കുറച്ചു നേരം അങ്ങനെ നിന്നുപോയ് . തിരിഞ്ഞു സുലൈമാനി ഇടാനായ് കിച്ചണിലോട്ട് പോകുന്നതിനു മുന്നെയായ് അവന്റെ പെണ്ണിനെ കുറിച്ചും തിരക്കാൻ ഞാൻ മറന്നില്ല

"ദേവാ എങ്ങനെയുണ്ടടാ പെണ്ണ് "

എന്താ പറയാനാ മാനവ ഒരു കളിസുഖം തരാത്തൊരു പെണ്ണ് . ഈ പത്തു ദിവസ്സത്തിനിടയിൽ ഞാൻ എത്രയോ തവണ പറഞ്ഞു നോക്കി ഒരുരക്ഷയുമില്ല .

വൃത്തികെട്ടവൻ ഞാൻ എന്റെ മനസ്സിൽ തന്നെ  പറഞ്ഞു . രാവിലെ അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ ചെന്നതിനു  എന്നെത്തന്നെ പറഞ്ഞാൽ മതിയല്ലോ  പിന്നെ അവിടെ നിന്നില്ല നേരെ കിച്ചണിൽ വന്നു സുലൈമാനിക്ക് വെള്ളം വച്ചു . വെള്ളം തിളക്കുമ്പഴും തേയില ഇട്ടു ഗ്യാസ്  ഓഫ് ചെയ്യ്‌ത് പഞ്ചസ്സാര ഇടുമ്പോഴും എന്റെ ചിന്ത അവന്റെ കളിസുഖം തന്നെയായിരുന്നു .എന്നാലും സ്വന്തം പെണ്ണിനെക്കുറിച്ച് അവനു ഇങ്ങനെയൊക്കെ പറയാൻ കഴിഞ്ഞല്ലോ . ആ ചിന്തയൊന്നും മുഖത്ത് പ്രകടിപ്പിക്കാതെ  ഒരു ഗ്ലാസ്‌ സുലൈമാനി അവനും  കൊടുത്തു ഞാൻ ഹാളിൽ വന്നിരുന്നു .

ദിവസങ്ങൾ കഴിഞ്ഞു അരുവിക്കരയിൽ തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ TV യും പത്രവും തുറന്നാൽ അരുവിക്കര നിറഞ്ഞു കവിയും അത്രമാത്രം ഒഴുക്കാണ്  അരുവിക്കരയിൽ . നീന്താൻ അറിഞ്ഞുടാത്തവരുപോലും അരുവിയിൽ  ചാടുന്നുണ്ട്  ഈ ഒഴുക്കിനെ അതിജീവിച്ചു ആരു ജയിക്കും എന്നതാണ് ചർച്ച . ഇവിടെ സോളാറും ജോപ്പനും മാണിയും തലകുത്തി മറിഞ്ഞിട്ടും വീഴാത്ത വൻമതിലിനോടാണ് മറ്റുള്ളവരുടെ  മൽസ്സരം . ആര് ജയിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയാണ് ഇതു പത്തറുപതു കൊല്ലമായിട്ടും കാലഹരണപെടാത്തൊരു  പഴഞൊല്ലാണ് .

 അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു റിസ്സൾട്ട് വരുന്ന ദിവസ്സമായ് .

വീട്ടിൽ അരിമേടിക്കാൻ കാഷില്ലെങ്കിലും TV ക്ക് മുന്നിലിരുന്നു തിരഞ്ഞെടുപ്പ് കാണുന്ന ശരാശരി മലയാളിയപ്പോലെയാവനായ് ഞാനും തീരുമാനിച്ചു . രാവിലെ ഏഴ് മണിക്ക് തന്നെ എണീക്കാനായ് അലാറം വച്ച് കിടന്നു . അലാറം അടിച്ചു ചെറിയ മടിയോടെ തിരിഞ്ഞപ്പോൾ നമ്മുടെ ദേവൻ അന്നത്തെ അതെ പൊസ്സിഷനിൽ മൊബൈലും കൈയിൽ പിടിച്ചു ഇരിക്കുന്നുണ്ട്‌ . അതുകൊണ്ട് തന്നെ ഞാൻ  അവനോടായ് പറഞ്ഞു

 ദേവാ  ഒരു സുലൈമാനി ഇട്ടോണ്ട് വാടാ .

എന്നാൽ ഞാൻ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഇരിക്കുന്ന അവനെകണ്ടപ്പോൾ വയസ്സിന്റെ മൂപ്പിന്റെ സ്വാതന്ത്ര്യം മുഴുവനായെടുത്തു വീണ്ടും ഉച്ചത്തിൽ തന്നെ പറഞ്ഞു .

ദേവാ നിന്നോട പറഞ്ഞെ   ഒരു സുലൈമാനി ഇട്ടോണ്ട് വരാൻ .

ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ട്ടപ്പെട്ടില്ലാന്നു മനസ്സിലാക്കും വിധം മൊബൈല് കട്ടിലിൽ  വലിച്ചെറിഞ്ഞിട്ടവൻ  ചാടി എണീറ്റിട്ട് എന്നോടായ് പറഞ്ഞു .

"നിങ്ങളും എന്റെ പെണ്ണിനെ പോലെതന്നയാണ് ഒരു കളിസുഖവും തരില്ലാ , ഇതു പറഞ്ഞവൻ സുലൈമാനി ഇടുവാനായ് കിച്ചണിലോട്ട് പോയ്‌" .

എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അവന്റെ പെണ്ണും ഞാനും കുടി എങ്ങനയാ അവന്റെ കളിസുഖം ഇല്ലാണ്ടാക്കിയതെന്ന്. ഉറക്കം തെളിഞ്ഞ ഞാൻ നേരെ അവൻ വലിച്ചെറിഞ്ഞ ഫോണെടുത്ത്  നോക്കിയപ്പോഴാണ് അവന്റെ കളിസുഖം എന്നത് മൊബൈലിൽ കളിക്കുന്ന ക്യാന്റി ക്രാഷ് ഗയിം  ആണെന്ന്  കണ്ടെത്തി  . അതും നോക്കി ഇരിക്കുമ്പോൾ തന്നെ സുലൈമാനിയുമായ് ആളു വന്നു . അതും വാങ്ങി അവന്റെ കളിപ്പാട്ടം അവനെയും ഏൽപ്പിച്ച് ഞാൻ ഹാളിലെത്തി.

ഹാളിൽ കസേരയിലിരുന്നു സുലൈമാനി കുറച്ചു അകത്താക്കി ചാരി ഇരുന്നപ്പോഴാണ് ചിന്തയിൽ വന്നത് . ഇതു പോലെയാണല്ലോ നമ്മുടെ ദൃശ്യമാധ്യമങ്ങളെല്ലാമെന്നത്  അവരുടെ തലക്കെട്ടും ഫോട്ടോയും  കണ്ടു വായിക്കുന്ന  നുറുശതമാനം സാക്ഷരത കൈവരിച്ച മലയാളിക്ക് എല്ലാം വായിക്കാനും മനസ്സിലാക്കാനും  അറിയാം എന്നാൽ ആ കഴിവ് വച്ച്  വായിക്കുന്ന പത്രത്തിന്റെ ചായ്‌വ് മനസ്സിലാക്കണമെന്നില്ലല്ലൊ, ഇതും മനസ്സിൽ ആലോചിച്ചു ഞാൻ TV ഓണ്‍ ചെയ്യ്‌തു.

ശുഭം .




*********************************************************************************