2016, ഫെബ്രുവരി 7, ഞായറാഴ്‌ച

പഴങ്ങഞ്ഞി

അമ്മോ .........

''ദാ വരുന്നടാ ചെറുക്കാ , എനിക്ക് പത്തു കൈയൊന്നുമില്ലാ കൈ രണ്ടേയുള്ളൂ കിടന്നു അലറാൻ.''

അവധിക്കു നാട്ടിൽ വന്ന ശേഷം രാവിലെ നായരേട്ടന്റെ കടയീന്നു ചായ കുടിച്ചാലേ എന്റെ വയറ്റീന്നു പോവു . അത് കഴിഞ്ഞാലൊരു വ്യപ്രാളമാ വയറ്റിൽ . പിന്നെ പല്ലുതേപ്പും കുളിയും പെട്ടന്ന് പാസ്സാക്കി ഇതു പോലൊരു നീട്ടി  വിളിയാ..... അപ്പഴാ അമ്മയുടെ ഈ പള്ളു വിളി.  ഒരു സ്നേഹവുമില്ലാ എന്റെ അമ്മക്കെന്നോട് ഒന്നുമില്ലെങ്കിലും ഒരു കൊല്ലത്തിൽ ഒരുമാസം നാടുകാണാൻ വരുന്നൊരു പ്രവാസ്സിയുടെ വേദന അമ്മക്ക് മനസ്സിലാവണ്ടേ .

വയറ്റിലേയും മനസ്സിലേയും ആ വിഷമം മാറ്റാൻ മേശപ്പുറം തബലയാക്കി കൊട്ട് തുടങ്ങിയപ്പോഴാണ് അമ്മയുടെ വരവ് . കു‌ടെ രണ്ടു കൈകളിലായ് ഏഴു കൂട്ടം സാധനങ്ങളും തബല പ്പുറത്ത് വന്നു .

ഹേ അമ്മയല്ലേ പറഞ്ഞെ അമ്മക്ക്  പത്തു കൈയില്ലാന്ന്, പിന്നെങ്ങനെ ഇതെല്ലാം അമ്മ ഒരുമിച്ചു കൊണ്ട് വന്നെ  .

''ടാ ചെറുക്കാ നീ കൂടുതല് പറയിപ്പിക്കാതെ  വേണോക്കി തിന്നട്ട് പോ.. കേട്ടാ....''

വേണോക്കി തിന്നട്ട് പോവാൻ അല്ലെ.... എന്നാ തിന്നിട്ടു തന്നെ കാര്യം  ....

ആഹാ... ഇതു ആരൊക്കയാ മേശപ്പുറത്തു വന്നിരിക്കുന്നെ  . കണ്ണ് തലച്ചോറിലെത്തിച്ച വിവരം  തലച്ചോറ് നാക്കിനേയും പല്ലിനേയും കൈകളേയും അറിയിച്ചു .

ഇന്നലത്തെ  ചോറ് രാത്രി വെള്ളമൊഴിച്ച് വച്ചത് ,കു‌ടെ ഇന്നലെ ജോർജു അച്ചായന്റെ പുരയിടത്ത് നിന്ന് അച്ഛന്റെ കു‌ടെ പോന്ന ചക്ക കൊണ്ടുണ്ടാക്കിയ കറിയും പിന്നെ തൈരും ,ചമ്മന്തിയും ,നാരങ്ങ  അച്ചാറും, നെല്ലിക്ക അച്ചാറും , ചമ്മന്തിയും, ഉപ്പും, കൂടാതെ  ഇന്നല പൊരിച്ച മീനും.

ആഹഹാ ഈ തണുത്ത വെളുപ്പാൻ കാലത്ത്..... കാലത്തെ എണീറ്റു.... മുന്തിരി വള്ളികൾ തളിരിട്ടോ.. ഇട്ടോ ആരിടാൻ ഞാൻ തന്നെ ഇടണം . ഒന്നും നോക്കിയില്ലാ മുൻപിലിരുന്ന കഞ്ഞിയിൽ ചക്കയും, ചമ്മന്തിയും, തൈരും,
ഉപ്പിലിട്ട നെല്ലിക്കാ നീരും അതിൽ കിടന്ന കാ‍ന്താരി മുളകും ഇട്ടൊരു ഞെവിട് . ഞെവിടി ഞെവിടി എല്ലാം കൂടിയൊരു കുഴമ്പ് പരുവമായപ്പോൾ എടുത്തൊരു കുടിയാ .

ആ ഹ ഹ എന്നാ സുഖം .... നാവു വഴി തൊണ്ട കടന്നു പഴങ്ങഞ്ഞി  ഉള്ളിലേക്ക് കടക്കുമ്പോൾ എന്നാ ഒരു തണുപ്പ്.
രണ്ടു മിനിറ്റുനുള്ളിൽ പാത്രം കാലി .

''ഞാനിന്നലെ പറഞ്ഞത് നീ മറന്നോ'' ... പുറകിൽ നിന്ന് കേൾക്കുമ്പോഴാണ് അമ്മ പുറകിൽ തന്നെ നിന്ന കാര്യം ഞാൻ അറിയുന്നത്.

എന്താ അമ്മ ഇന്നലെ പറഞ്ഞത് .

''എനിക്കാ  ഹോമിയോ ഡോക്ട്ടറെ വീട്ടിൽ പോയ്‌  കാണണമെന്നു ഞാൻ പറഞ്ഞത് .  മറന്നു കാണും വായ്ക്കു രുചിയായിട്ട്‌  കഴിക്കാൻ ഒന്നുമില്ലാണ്ടാവുമ്പഴല്ലേ നിനക്ക് അമ്മയെക്കുറിച്ച്   ഓർമ വരൂ.''

ഇല്ലമ്മാ ഞാൻ  മറന്നില്ലാ അമ്മ റെഡിയാവ്  നമ്മുക്കിപ്പം തന്നെ പോവാം.

''ഇനി ഇന്നു പോയിട്ടെന്തിനാ സമയം ഒൻപതു കഴിഞ്ഞില്ലേ ഡോക്ട്ടർ ഇപ്പോൾ പോയ്‌ കാണും''

എന്നാൽ നാളെ പോവാം അമ്മ.

''നാള...  എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് നീ . ഡോക്ട്ടർ മാസത്തിലെ ആദ്യത്തെ തിങ്കൾ  മാത്രമേ ഇവിടുത്തെ വീട്ടിൽ കാണു . വന്നാലും രാവിലെ ഏഴു തൊട്ടു പത്തു മണിവരെയേ ഇവിടുള്ളൂ അതുകഴിയുമ്പോൾ അയാള് അയാളെ പാട്ടിനു പോവും ''.

എന്നാ നമ്മുക്ക് ഹോസ്പിറ്റലിൽ പോയ്‌ കാണാം അമ്മ.

നല്ല കാര്യമായ് ഏഴു  കിലോമീറ്ററു ദൂരം കൊണ്ട് പോകാത്ത നീയല്ലേ ഇനി എഴുപതു കിലോമീറ്റർ എന്നെയും കൊണ്ട് പോകുന്നത്  .

ഇതും പറഞ്ഞു ഞാൻ കഴിച്ചു കഴിഞ്ഞ  പാത്രങ്ങൾ എടുത്തു കൊണ്ട് അമ്മ അടുക്കളയിലേക്ക്  പോകുമ്പഴാ  അമ്മ ഇന്നലെ പറഞ്ഞ ആ നടുവേദനയുടെ ശരീര ഭാഷ  അമ്മയിൽ ഞാൻ  ശ്രദ്ധിക്കുന്നേ.

ശരിയാണ് അമ്മ ഇന്നലെ പറഞ്ഞതാണ് . ഞാൻ മറന്നു .

എന്റെ നാക്കിന്റെ രുചിയും , വയറ്റിലെ വിശപ്പും , മനസ്സിനുള്ളിലെ വേദനകളും എല്ലാം തന്നെ  ഞാൻ പറയാതെ എന്റെ അമ്മക്ക് മനസ്സിലാക്കുവാൻ  കഴിഞ്ഞിട്ടുണ്ട്  . എന്നാൽ  എനിക്കു എന്റെ അമ്മയുടെ അകമേയുള്ള വേദന പോയിട്ട് പുറമേയുള്ള  വേദന പോലും മനസ്സിലാക്കാൻ പറ്റാണ്ട് പോയല്ലോ  .

ഇതും ആലോചിച്ചിരിക്കുമ്പഴാ  ''എന്താടാ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നേന്നും ചോദിച്ചു'' പിന്നും അമ്മയുടെ വരവ് .

കാ‍ന്താരി മുളകിന്റെ എരിയാ  അമ്മേ ന്നും  ....പറഞ്ഞു അമ്മക്ക് മുഖം കൊടുക്കാതെ കൈ കഴുകാനായ് ഞാൻ എണീക്കുമ്പോൾ മനസ്സിൽ  ഒന്ന് ഞാൻ ഉറപ്പിച്ചിരുന്നു.  ഇന്നത്തെ എഴുപതു കിലോമീറ്റർ യാത്രയെക്കുറിച്ച് .